• പ്രഭാത്‌ ബുക്ക്‌ ഹൗസ് വിപ്ലവ വിജ്ഞാനത്തിന്റെ പ്രഭാതം

    ബിനോയ്‌ വിശ്വം


    അഷ്‌ടമി ദിനങ്ങളിൽ വൈക്കത്തുകാര്‍ക്ക്‌ ഇരുപ്പുറയ്ക്കില്ല. വൈക്കത്തപ്പൻ എല്ലാറ്റിനും പരിഹാരം ഉണ്ടാക്കുമെന്നു വിശ്വസിക്കുന്നവർ അമ്പലത്തിനുള്ളിലേക്ക്‌കൂട്ടമായി തൊഴാൻ പോകും. ആ 12 ദിവസങ്ങളിലും അമ്പലത്തിലെ സ്ഥിരം വേദിയിൽ പേരുകേട്ട കലാകാരത്താരുടെ പാട്ടുകച്ചേരിയും പാഠകവും ഓട്ടന്‍തുള്ളലും മറ്റും ഉാകും. ശ്രീകോവിലിനോടു കുറച്ചുകൂടി അടുത്ത വേറൊരു സ്ഥലത്താണ്‌ കഥകളിയുടെ കളിയരങ്ങ്‌. ശാസ്‌ത്രീയമായിആസ്വദിക്കാൻ അറിയില്ലെങ്കിലുംഅവിടെയെല്ലാം അലഞ്ഞുതിരിയാൻ കുട്ടികളായ ഞങ്ങളും ഉത്സാഹംകൊണ്ടു. പ്രാചീനക്ഷേത്രകലകളും നാദസ്വരമേളവും എഴുന്നള്ളത്തും എല്ലാം ഉണ്ടാകും അമ്പലത്തിന്റെ നാലുഗോപുരനടകള്‍ക്കുമപ്പുറത്തെ റോഡുകളിൽ ഉത്സവക്കച്ചവടക്കാർ നിറങ്ങളും വെളിച്ചവും കൊണ്ടു മായാപ്രപഞ്ചം തീര്‍ക്കും. അകലെനിന്നുപോലും ബന്ധു ജനങ്ങൾ വീടുകളിലേക്കു വിരുന്നു വന്നു. വൈക്കത്തുകാരുടെ ദേശീയോത്സവംപോലെയാണു വൈക്കത്തഷ്‌ടമി. ജാതിമ തഭേദങ്ങളില്ലാതെ അഷ്‌ടമിയുടെ ഒഴുക്കിൽ ഞങ്ങളെല്ലാം ഒഴുകി നടന്നു. അന്നു ഞാൻ സാമാന്യം തരക്കേടില്ലാത്ത ഒരു ഭക്തനുമായിരുന്നു.


    എഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ എന്റെ വിശ്വാസഗോ പുരങ്ങൾ ഇടിഞ്ഞു വീണത്‌. ഈശ്വരനുണ്ടോഇല്ലയോഎന്ന ചോദ്യത്തിനു മുമ്പിൽ പകച്ചുനിന്നു കൊണ്ടായിരുന്നുഅതിന്റെ തുടക്കം. സ്‌കൂളിൽ എ.ഐ.എസ്‌.എഫ്‌. യൂണിറ്റ്‌ഉണ്ടാക്കുകയും ഞാൻ അതിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പടുകയും ചെയ്‌താണ്‌ എടുത്താൽ പൊങ്ങാത്ത ആ ദാര്‍ശനിക പ്രശ്‌നം എന്റെ തലയിലേക്കു വന്നു വീണത്‌.


    അതിനു വഴിതെളിച്ചതാകട്ടെ പ്രഭാത്‌ ബുക്ക്‌ ഹൗസും.അഷ്‌ടമി ദിനങ്ങളിൽ തിരക്കേറിയ പടിഞ്ഞാറെ നടയിൽ പ്രഭാത്‌ ബുക്ക്‌ഹൗസിന്റെ സ്റ്റാൾ ഉയരും. സ്റ്റാൾ എന്നു പറഞ്ഞാൽ ഓലകൊണ്ടുമറച്ച്‌ ടര്‍പ്പാളിനിട്ട ഒരു ചെറിയഷെഡ്‌. അതിനകത്തു നാലഞ്ചു മേശകൾ. അവയിൽനിറയെ പുസ്‌തകങ്ങൾ. കുറേ പുസ്‌തകങ്ങൾ സൈഡിലെ സ്റ്റാന്റിലും. ജനയുഗം പത്രവും കലണ്ടറും, നവയുഗം വാരികയും പുസ്‌തകങ്ങള്‍ക്കു പുറമേ അവിടെയുണ്ടായിരുന്നു.പ്രഭാതിനോടുള്ള രാഷ്‌ട്രീയ സ്‌നേഹം മുന്‍നിർത്തി വൈക്കത്തെ പാര്‍ടി സഖാക്കളാണ്‌ ഷെഡ്‌ കെട്ടിയതും പുസ്‌തകം വിറ്റതുമെല്ലാം. പ്രഭാതില്‍നിന്ന്‌ ഒരു സഖാവ്‌മേല്‍നോട്ടക്കാരനായി അവിടെ ഉണ്ടായിരുന്നു.ഒരു വൈകുന്നേരം അമ്പലപ്പറമ്പിൽ നിന്നും ചങ്ങാതിമാരുമൊത്തു ഇറങ്ങിവന്ന എന്നെ ദാസനും ജോര്‍ജും സുകുമാരനും കൂടി പിടികൂടി. അവർ ഡിബി കോളേജിൽ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികളായഎന്റെ നേതാക്കത്താരായിരുന്നു. പ്രഭാത്‌ ബുക്ക്‌ ഹൗസിന്റെ സ്റ്റാളിൽ പുസ്‌തകംവില്‍ക്കാൻ അവരുടെ കൂടെ ഞാനും നില്‍ക്കണമെന്നതായിരുന്നു ആവശ്യം.അതൊരു വലിയ ബഹുമതിയായി എനിക്കുതോന്നി. പാര്‍ടി ജാഥകളിൽ ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊടുത്തിരുന്ന ഒരാള്‍ക്ക്‌ പെട്ടെന്നു കിട്ടിയ ഒരു പ്രമോഷൻ . സ്‌കൂളിൽ ഞാൻ നടത്തിയ എസ്‌.എഫ്‌. പ്രവർത്തനങ്ങള്‍ക്ക്‌ ലഭിക്കുന്ന അംഗീകാരമാണ തെന്നും അവർ എന്നോടു ഗൗരവമായി പറഞ്ഞുതന്നു.അങ്ങനെ ആ വൈകുന്നേരം ഞാൻ പെട്ടെന്ന്‌ വലിയ ഒരാളായി!


    പ്രഭാതിന്റെ സ്റ്റാളിൽ വാത്സല്യം നിറഞ്ഞ ഒരു സ്വീകരണം എന്നെ കാത്തിരുന്നു, അവിടെയുള്ളവര്‍ക്കായി വരുത്തിവച്ചിരുന്ന ഒരു തണുത്ത കട്ടന്‍ചായയുടെ രൂപത്തിൽ. പുസ്‌തക വില്‍പന ശക്തി¨പ്പടുത്തലായിരുന്നു എ.ഐ.എസ്‌.എഫ്‌കാർ സ്വയം ഏറ്റെടുത്ത ദൌത്യം.അവിടെ നിറയെ പുസ്‌തകങ്ങൾ! മനോഹരമായി അച്ചടിച്ച ചുവന്നതും വെളുത്തതുമായ പുറംചട്ടകളോടു കൂടിയ പുസ്‌തകങ്ങൾ. എന്റെ കണ്ണിൽ ആദ്യം പതിഞ്ഞ തലക്കെട്ട്‌ `കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ' ആയിരുന്നു. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും മുഖങ്ങൾ എനിക്ക്‌ പരിചിതമായിരുന്നു. വീട്ടിലെ ബുക്ക്‌ ഷെല്‍ഫിൽ ഞാനവരെ കണ്ടിട്ടുണ്ട്.എന്നാൽ അന്നോളം തോന്നാത്ത ഒരടുപ്പം അന്ന്‌ എനിക്കു മാനിഫെസ്റ്റോയോടും പുറംചട്ടയിലെ ആ മുഖങ്ങളോടും തോന്നി.


    പടിഞ്ഞാറേ നടയിലെ റോഡിലൂടെ ആളുകൾ തിങ്ങി നിറഞ്ഞ്‌ ഒഴുകുകയായിരുന്നു. ചിലർ ബുക്ക്‌ സ്റ്റാളിൽ വന്നു പുസ്‌തകങ്ങൾ വാങ്ങി. സോവിയറ്റ്‌ യൂണിയനിൽ അച്ചടിച്ച പുസ്‌തകങ്ങള്‍ക്ക്‌ എന്തു ഭംഗിയായിരുന്നു! അവയുടെ വിലയാകട്ടെ തീരെ കുറവും. നാട്ടിൽ അച്ചടിച്ച പുസ്‌തകങ്ങള്‍ക്കു വില കൂടുതലായിരുന്നു. അവ എഴുതിയ നേതാക്കളുടെ പേരുകൾ പക്ഷേ ഏഴാം ക്ലാസുകാരനായ എനിക്കും പരിചിതമായിരുന്നു. എൻ.ഇ.ബാലറാം, സി.അച്യുതമേനോൻ, കെ.ദാമോദരൻ, സി.ഉണ്ണിരാജ ....... അങ്ങനെ പോകുന്നു ആ പേരുകൾ.


    ഉത്സവത്തിരക്കിൽ എല്ലാവരും പ്രഭാതിന്റെ സ്റ്റാൾ കാണുന്നില്ല. കണ്ടവർ തന്നെ എല്ലാവരും അങ്ങോട്ടു വരുന്നില്ല. അവരെ അങ്ങോട്ടു വരുത്താൻ എന്താണു മാര്‍ഗം?എന്റെ നേതാക്കളായ വിദ്യാര്‍ത്ഥികൾ അതാണ്‌ അലോചിച്ചത്‌. അവർക്കിടയിൽ അവർ എന്നെയും നിർത്തി. അന്നത്തെ ആ സ്‌നേഹവാത്സല്യം എനിക്കു മറക്കാനാവില്ല. ആലോചനക്കൊടുവിൽ അവർ വഴി കണ്ടെത്തി! സ്റ്റാളിനു മുമ്പിൽ ഒരു സ്റ്റൂളിനുമുകളിൽ ദാസൻ കയറി നിന്നു, കൈയ്യിൽ കുറേ പുസ്‌തകങ്ങ ളുമായി. ശബ്‌ദം ഉയർത്തി ദാസൻ വിളിച്ചു പറഞ്ഞു. ``ഇതാ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ! ചരിത്രം തിരുത്തിക്കുറിച്ച മഹത്തായ വിപ്ലവ ഗ്രന്ഥം!വാങ്ങുക, വായിക്കുക! വില വെറും 50 പൈസ മാത്രം!'' ആളുകൾ ശബ്‌ദം കേട്ട്‌ അങ്ങോട്ടുനോക്കി. അവരിൽ പലരും അങ്ങോട്ടുവന്നു. വന്നവ രിൽ പകുതിപേരെങ്കിലും മാനിഫെസ്റ്റോ വാങ്ങി. ദാസൻ ക്ഷീണിച്ചപ്പോൾ സുകുമാരൻ, പിന്നെ ജോര്‍ജ്‌. അതു കഴിഞ്ഞപ്പോൾ എന്റെ ഊഴമായി. മുദ്രാവാക്യം വിളിച്ചുകൊടുത്ത മുന്‍പരിച യ ത്തിൽ ഞാൻ അതു ഭംഗിയായി തന്നെ നിറവേറ്റി. ഞാൻ തളര്‍ന്നപ്പോൾ വീണ്ടുംഅവർ മാറിമാറി സ്റ്റൂളിൽ കയറി. അന്നത്തെ ആ രാത്രിയിൽ തന്നെ പ്രഭാത്‌ബുക്ക്‌ഹൗസ് കൊണ്ടു വന്ന കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ മുഴുവൻ വിറ്റു തീർന്നു. എ.ഐ.എസ്‌.എഫ്‌. കാർ നടപ്പിലാക്കിയ പുതിയ വില്‍പനതന്ത്രം പൂര്‍ണ വിജയം!


    പിറ്റേന്നു രാവിലെ മുതൽ പ്രഭാത്‌ സ്റ്റാളിലെത്താൻ എനിക്കു തിരക്കായിരുന്നു.ഞങ്ങൾ പോലും അറിയാതെ ഞങ്ങളല്ലാവരും പ്രഭാത്‌ ബുക്ക്‌ ഹൗസിന്റെ ആളുകളായി മാറി. അതിന്റെ`കെമിസ്‌ട്രി' വിശദീകരിക്കാൻ പ്രയാസമുള്ളതാണ്‌. രാഷ്‌ട്രീയത്തിന്റെ നിഷ്‌കളങ്കത നിറഞ്ഞ ഒരുതരം ആവേശ മന്നേ അതിനെ വിശേഷി പ്പിക്കാൻ കഴിയൂ . പകല്‍നേരത്ത്‌ റോഡിൽ ആളുകൾ തീരെ കുറവായിരിക്കും. പുസ്‌തകങ്ങള്‍ക്കു നടുവിൽ ഇരുന്നപ്പോൾ വെറുതെ അവ നോക്കാൻ തോന്നി. ആദ്യം കൈയിലെടുത്തത്‌ മാനിഫെസ്റ്റോ തന്നെ. ആകെ മനസ്സിലായത്‌ ആദ്യത്തെയും അവസാനത്തെയും വാചകങ്ങള്‍മാത്രം. ``യൂറോപ്പിനെ ഒരു ഭൂതം വിഴുങ്ങിയിരിക്കുന്നു. കമ്മ്യൂണിസത്തിന്റെ ഭൂതം'' എന്നതായിരുന്നു ആദ്യ വാചകം. എല്ലാ രാജ്യങ്ങളിലെയും തൊഴിലാളികളെ സംഘടിപ്പിക്കുവിൻ! നിങ്ങള്‍ക്കു നഷ്‌ടപ്പെടാനുള്ളത്‌ ചങ്ങലകൾ മാത്രം, കിട്ടാനുള്ളതോ പുതിയ ഒരു ലോകം.'' – അവസാന വാചകം. ആ വായന കുത്തനെയുള്ള ഒരു മലകയറുംപോലെയായിരുന്നു. ഒന്നും മനസ്സിലായില്ലെങ്കിലും, ആമുഖങ്ങൾ ഒഴിവാക്കി, ``ചരിത്രം തിരുത്തിക്കുറിച്ച മഹത്തായ വിപ്ലവഗ്രന്ഥം'' മുഴുവൻ ഞാൻ വായിച്ചു തീർത്ത.


    അവിടെ ചിതറിക്കിടന്ന പുസ്‌തകങ്ങള്‍ക്കിടയിൽ ഡോ. എ.ടി.കോവൂരിന്റെ ഒരു ലഘുലേഖയായിരുന്നു. പേര്‌ ഇപ്പോൾ ഓര്‍ക്കാൻ കഴിയുന്നില്ല. രാമത്തെ പകലിൽഞാൻ അതു വായിച്ചു. ദൈവമില്ലെന്നു പറഞ്ഞാൽ ഞാൻ നരകത്തിൽ പോകില്ലെന്ന്‌ ആ വായന എനിക്കു ധൈര്യം പകർന്നു. പിറ്റേന്ന്‌ സ്‌കൂളിൽ പോയപ്പോൾ ക്ലാസ്സിലെ അടുത്ത കൂട്ടുകാരോട്‌ ഞാൻ എന്റെ പുതിയ വെളിപാട്‌ അറിയിച്ചു. ``ദൈവം ഇല്ല.'' അവർ എന്നെപ്പറ്റി എന്തു ചിന്തിച്ചുവോ ആവോ! കേരളത്തിലെ ഇടതുപക്ഷ വായനയ്ക്കു കരുത്തുനല്‍കിയ പ്രഭാത്‌ബുക്ക്‌ ഹൗസിന്റെ 60–ാം വാര്‍ഷികവേളയിൽ ഈ ഓര്‍മയാണ്‌ എന്റെ മനസിലേക്കു ഓടിക്കയറുന്നത്‌. പിന്നീടുള്ള അഷ്‌ടമിക്കാലങ്ങളിൽ സയന്‍സിലും എഞ്ചിനീയറിംഗിലുമുള്ള കനത്ത പുസ്‌തകങ്ങൾ തേടി ഉന്നത വിദ്യാഭ്യാസമുള്ള മാന്യമാർ ഞങ്ങളുടെ എളിയ സ്റ്റാളിലെത്തുന്നത്‌ ഞാൻ കണ്ടു.പ്രഭാത്‌ ബുക്ക്‌ ഹൗസ് ഞാൻ മനസ്സിലേറ്റിയതിനേക്കാൾ എത്രയോ വലുതാണെന്നു അറിയുകയായി രുന്നു . അതിനു ശേഷം എറണാകുളം കാനന്‍ഷെഡ്‌ റോഡിലെ പ്രഭാത്‌ ബുക്ക്‌ ഹൗസിന്റെ ബ്രാഞ്ചിൽ അമ്മയുടെ കൈ പിടിച്ചു ഞാൻ ആദ്യമായി കയറി ചെല്ലുന്നത്‌. കറുത്തു തടിച്ച അരവിന്ദൻ ചേട്ടനെ ഇപ്പോഴും ഓര്‍മയുണ്ട്. അദ്ദേഹം മുമ്പിൽ നിരത്തിവച്ചകോലാടിന്റെയും ഹിമക്കരടിയുടെയും പൂവന്‍കോഴിയുടെയും വര്‍ണ ചിത്രങ്ങളുള്ള പുസ്‌തങ്ങളും ഓര്‍മയിലണ്ട്.അന്ന്‌ ബാലസാഹിത്യം എന്താണെന്ന്‌ അറിയില്ലെങ്കിലുംഞങ്ങൾ ഒരുപാടു ബാലസാഹിത്യ കൃതികൾ വായിച്ചിട്ടുണ്ട്‌.ഇത്‌ എന്റെ മാത്രം കഥയല്ല. ഞങ്ങളുടെ തലമുറയുടെ കഥയാണ്‌. മണ്ണിനോടും മനുഷ്യനോടും മാറ്റത്തോടും ഹൃദയം ചേർത്ത വയ്ക്കുന്ന ഒരു തലമുറ കേരളത്തിൽ വളർന്നു വന്നുവെങ്കിൽ അതിനു നന്ദി പറയേണ്ടത്‌ പ്രഭാത്‌ ബുക്ക്‌ ഹൗസിനോടാണ്‌. അതു വെറുമൊരു പുസ്‌തകശാലയല്ല. ചരിത്രത്തെ വ്യാഖ്യാനിക്കാനും മാറ്റിമറിയ്ക്കാനുമുള്ള മനുഷ്യ മഹായത്‌നങ്ങള്‍ക്ക്‌ ആശയ അടിത്തറ പണിത സര്‍ഗ വിജ്ഞാനത്തിന്റെ പ്രകാശ ഗോപുരമാണ്‌.