• നവോത്ഥാന മുന്നേറ്റ വഴിയും പ്രഭാതും

    പന്ന്യൻ രവീന്ദ്രൻ


    പുസ്‌തക പ്രസിദ്ധീകരണ രംഗത്ത്‌ ആറുപതിറ്റാണ്ട് ‌കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ്‌ പ്രഭാത്‌ബുക്ക്‌ ഹൗസ്. അമ്പതുകളിൽ പാർട്ടി പ്രസിദ്ധീകരണത്തിനുവേണ്ടി മാത്രം തുടങ്ങിയതായിരുന്നു. പാർട്ടി ലഘുലേഖകളുംമറ്റു പ്രസിദ്ധീകരണങ്ങളും മാത്രമായിരുന്നു അന്ന്‌ അച്ചടിച്ച്‌ വിതരണംചെയ്‌തിരുന്നത്‌. തുടർന്നു ‌ പാർട്ടിയുടെ സാംസ്‌ക്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് ‌ ഒരു പുസ്‌തകശാലയുടെ ആവശ്യം അനിവാര്യമായി വന്നു.അങ്ങിനെയാണ്‌ 1952ൽ പ്രഭാത്‌ പ്രിന്റിംഗ്‌ ആന്റ് പബ്‌ളിഷിംഗ്‌ കമ്പനി നിലവിൽ വന്നത്‌


    കേരളത്തിലെ സാമൂഹ്യ ജീവിതത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനംവളർന്നു പന്തലിച്ചുവരികയായിരുന്നു.തകഴിയും ദേവും പൊൻകുന്നം വർക്കിയും വയലാറും ഒ.എൻ.വിയും മലയാറ്റൂരും മുണ്ടശ്ശേരിയും ബഷീറും പൊറ്റക്കാടും തിരുനെല്ലൂരും തലയുയർത്തിനില്ക്കുന്ന യൗവ്വന കാലം. കെ.പി.എ.സി നാടകരംഗത്ത്‌ കാലുറപ്പിക്കുന്നതി നുള്ള ചർച്ചകളിൽ മുന്നോട്ടു പോയി. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ യവനിക ഉയർന്നു. ഇതേകാലത്താണ്‌ ജനയുഗം വീക്കിലി ദിനപത്രമാക്കുവാൻ തീരുമാനമെടുക്കുന്നത്‌


    കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയിൽ എഴുത്തുകാരും കലാകാരന്മാരും അഭിനേതാക്കളുമെല്ലാം നിർണായക പങ്ക്‌ വഹിച്ചിട്ടുണ്ട്.എഴുത്തുകാർക്കു സ്വന്തം രചനകൾ വെളിച്ചം കാണാനും അവ ജനങ്ങളിലെത്തിക്കുവാനും ഒരു പ്രസിദ്ധീകരണ ഏജൻസിയായി പ്രഭാത്‌ പിറന്നു. അന്ന്‌ വിരലിലെണ്ണാവുന്ന പ്രസിദ്ധീകരണശാലകൾ മാത്രമേയുള്ളൂ.നല്ല വായന അനുഭവം നല്കുവാൻ പ്രഭാതിനു കഴിഞ്ഞു.ആറു പതിറ്റാണ്ട് കാലത്തെ അനുസ്യൂതമായ വളർച്ചയിൽ സാഹിത്യനിരൂപണവും നോവലും കവിതയും കഥയും തത്വശാസ്‌ത്രവും ഗണിതശാസ്‌ത്രവും കായികവും ചിത്രകഥകളും ബാലസാഹിത്യവും തുടങ്ങി എഴുത്തിന്റെ എല്ലാ ശാഖകളുംപ്രഭാതിലൂടെ വെളിച്ചം കണ്ടു. പുസ്‌തക പ്രസാധന രംഗത്ത്‌ നവംനവങ്ങളായ പരീക്ഷണങ്ങളുടെ ഗുരുനാഥനും പ്രഭാത്‌ തന്നെ.


    മലയാളികൾക്കു സഞ്ചരിക്കുന്ന പുസ്‌തകശാലയുടെ പുതുമയിലേക്ക്‌ വഴികാട്ടിയതും പ്രഭാത്‌ തന്നെ. മാർക്സും എംഗൽസും ലെനിനും ലിയൂഷാവോചിയും ചെക്കോവും മയക്കോവ്‌സ്‌ക്കിയും ലിയോടോള്സ്റ്റോയിയും തുടങ്ങി വിശ്വവിഖ്യാതരായ മഹാത്താരും എഴുത്തുകാരും മലയാളികളുമായി ബന്ധപ്പെടുന്ന കണ്ണിയായി പ്രഭാത്‌ നിലകൊണ്ടു. ഒക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവവും ചൈനീസ്‌ വിപ്ലവവും ഫ്രഞ്ച്‌ വിപ്ലവവും മലയാളികളെ വിശ്വവിപ്ലവത്തിന്റെ വാതായനത്തിലേക്ക്‌ ആനയിച്ചു.


    കുട്ടികൾക്ക് വിജ്ഞാനത്തിന്റെ വഴിയിലേക്ക്‌ പ്രോത്സാഹനമേകിയ സമ്മാനപ്പെട്ടി പ്രഭാതിൽ കൂടി പുറത്തിറങ്ങി. പഞ്ചതന്ത്രം കഥകളും വടക്കൻപാട്ടുകളും മഹാഭാരതവും രാമായണവും സാധാരണക്കാരന്‌ ലളിതമായി മനസ്സിലാക്കാനും, വായനയുടെ വഴിയിലേക്ക്‌ ആനയിക്കാനും കഴിഞ്ഞു. വിശ്വവിജ്ഞാനത്തിന്റെ പുത്തൻ പ്രകാശമായി സോവിയറ്റ്‌ പുസ്‌തകങ്ങൾ മലയാളത്തിൽ വായനക്കാരിലെത്തിച്ചതും പ്രഭാത്‌ തന്നെ.


    കേരളീയ നവോസ്ഥാനത്തിന്റെ മുന്നേറ്റവഴിയിൽ പ്രഭാതിന്റെ സംഭാവനകൾ ചരിത്രത്തിന്റെ താളുകൾ‌.കേരളത്തിലെ പുരോഗമനാശയമുള്ള എഴുത്തുകാരുടെ രചനകൾ പ്രഭാതിലൂടെയാണ്‌ വെളിച്ചം കണ്ടത്‌. പഴയകാലത്ത്‌ വിരലിലെണ്ണാവുന്ന പ്രസിദ്ധീകരണ ശാലകൾ മാത്രം. കമ്മ്യൂണിസ്റ്റ്‌ ചിന്താഗതിയുള്ള എഴുത്തുകാർക്കു ഏക ആശ്രയം പ്രഭാത്‌ തന്നെയായിരുന്നു.അന്നത്തെ എഴുത്തുകാരന്‌ സ്വന്തം രചനകൾ വില്പന നടത്തിവന്നു. ബഷീറിന്റെ ബാല്യകാലസഖിയും പാത്തുമ്മയുടെ ആടുംഒക്കെ സഞ്ചിയിൽ കൊണ്ടുനടന്നു വിൽപ്പന നടത്തിയ കാര്യം ബഷീർ തന്നെ ഓർമ്മിക്കുന്നുണ്ട് .എഴുത്തുകാരന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുവാൻ കഴിഞ്ഞത്‌ പ്രഭാതിന്റെ പരിശ്രമത്തിലാണ്‌. രാഷ്‌ട്രീയ വിഷയങ്ങളും സാംസ്‌ക്കാരിക പ്രശ്‌നങ്ങളും ചർച്ച ചെയ്യപ്പെട്ടു. ജനയുഗം വാരികയും ദിനപത്രവും പ്രഭാത്‌ ബുക്ക്‌ ഹൗസും എഴുത്തുകാരുടെ വളർച്ചചയുടെ വഴികളായിരുന്നു. 1939-ൽ കേരളത്തിലെകമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം പിറവികൊണ്ടതോടുകൂടി ഒരു തലമുറയുടെ വിപ്ലവ ചിന്തകൾക്കും തുടക്കമാവുകയായിരുന്നു. തുടർന്നു ഒന്നര വ്യാഴവട്ടക്കാലത്തെ പാർട്ടിയുടെ വളർച്ചയിൽ സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളിലെ ജനവിഭാഗങ്ങൾ പങ്കാളികളാണ്‌. ആശയസമരങ്ങൾ പാർട്ടിയുടെ കരുത്തായിരുന്നു.പാർട്ടി നേതാക്കൾ എഴുതുന്ന ലഘുലേഖകൾ പ്രഭാതിന്റെ ബാനറിലാണ്‌ ജനങ്ങളിലെത്തിയത്‌. കെ.ദാമോദരനും എൻ.ഇ.ബലറാമും ഇ.എം.എസും സി.അച്യുതമേനോനും ഉണ്ണിരാജയും പവനനും ടി.വി.യും പി.ടി. ഭാസ്‌ക്കരപണിക്കരും കൊളാടി ഗോവിന്ദൻകുട്ടിയും കെ.കെ.വാരിയരും ഇ.ഗോപാലകൃഷ്‌ണമേനോനും തെങ്ങമം ബാലകൃഷ്‌ണനും എം.എസ്‌.ദേവദാസും അങ്ങിനെ എത്രയെത്ര നേതാക്കൾ വിവിധവിഷയങ്ങളെക്കുറിച്ചു ലഘുലേഖകൾ എഴുതിയിട്ടുണ്ട്.പ്രമാദമായ ഒരു തർക്കത്തിന്‌ തുടക്കം കുറിച്ച കെ.ദാമോദരന്റെ ``യേശുക്രിസ്‌തു മോസ്‌ക്കോവിൽ'' എന്ന പേരിലുള്ള പുസ്‌തകം വലിയ ചർച്ചയായി. ഫാദർ വടക്കന്റെ മറുപടി വന്നു `` യേശുക്രിസ്‌തു മോസ്‌ക്കോവിലൊ?'', ദാമോദരന്റെ മറുപടി ``യേശുക്രിസ്‌തു മോസ്‌ക്കോവിൽതന്നെ''. അങ്ങനെ എത്രയോ ആശയ സമ്പുഷ്‌ടമായ ചർച്ചകൾക്ക് പ്രഭാത്‌ വേദി ഒരുക്കിയിട്ടുണ്ട്.


    1957 ൽ കേരളത്തിൽ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെരന്റിന്‌ അടിത്തറയൊരുക്കുന്നതിൽ പ്രഭാത്‌അതിന്റെതായ പങ്കുവഹിച്ചിട്ടുണ്ട്.1964 ലെ നിര്ഭാഗ്യകരമായ പാർട്ടി ഭിന്നിപ്പിനെ തുടര്ന്ന് നടന്ന വാദ പ്രതിവാദങ്ങളിൽ പ്രഭാതിന്റെ പുസ്‌തകങ്ങൾക്ക് വലിയ സ്ഥാനമുണ്ട്‌. എൻ.ഇ.ബാലറാമും ഇ.എം.എസ്സുമായുള്ള നിരന്തരമായ തർക്കമങ്ങൾ ചരിത്രരേഖകളാണ്‌. എൻ .ഇ.ബാലറാമിന്റെ `തര്ക്ക്ത്തിന്റെ താഴ്‌വേർ ഭിന്നിപ്പിന്റെ ചരിത്രം രേഖകളുടെ പിൻബലത്തിൽ സത്യസന്ധമായി വിവരിക്കുന്നു.1964 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ദേശീയ കൌണ്‍സിൽ ന്യൂനപക്ഷമായ 32 പേർ (കൌണ്‍സിൽ 101 പേരുണ്ടയിരുന്നു) ഇറങ്ങിപ്പോയി. ആന്ധ്രപ്രദേശിലെ തെന്നാലിയിൽ ഒത്തു ചേർന്നു്‌ കമ്മ്യൂണിസ്റ്റു പാർട്ടി ഓഫ്‌ ഇന്ത്യ(മാർക്സിസ്റ്റ്‌) എന്ന പേരിൽ ഒരു പാർട്ടി രൂപീകരിച്ചു. (1962 ലെ ചൈനീസ്‌ ആക്രമണവും ഡാങ്കെയുമാണ്‌ ഭിന്നിപ്പിന്‌ കാരണമെന്നവാദം യഥാർത്ഥ വസ്‌തുത മറച്ചുവെക്കുവാനാണ്‌) ആറുപതിറ്റാണ്ടുകാലത്തെ അനുഭവസമ്പത്തുള്ള, ഇന്നും പ്രവർത്തനരംഗത്തുള്ള പ്രഭാതിന്‌ ബൃഹത്തായ അവഗണിക്കാനാവാത്ത ചരിത്രമാണുള്ളത്‌.