• പ്രഭാത്‌ പിന്നിട്ട മഹനീയ കാലം

    സി. ദിവാകരൻ എം.എൽ.എ


    നമ്മുടെ നാട്ടിൻപുറങ്ങളിൽ, കൊച്ചുകൊച്ചു ഗ്രാമങ്ങളിൽ വിജ്ഞാനത്തിന്റെ മിന്നാമിനുങ്ങുകളായി പ്രകാശം ചൊരിഞ്ഞ ഗ്രന്ഥശാലകളും അപ്രസക്തമായിത്തീരുന്നു.നാട്ടിൻ പുറങ്ങൾ നന്മകളാൽ സമൃദ്ധം എന്ന അവസ്ഥയും അസ്‌തമിക്കുന്നു. ഗ്രാമങ്ങൾ നഗര വത്‌ക്കരണത്തിന്റെ പിടിയിലമരുന്നു. ഭ്രാന്തമായ പരിഷ്‌ക്കാരങ്ങളുടെ വേലിയേറ്റം ഗ്രാമീണരുടെ നിഷ്‌ക്കളങ്കമായ ജീവിതശൈലിയെ മലീമസമാക്കുന്നു. പരസ്‌പര സ്‌നേഹവുംവിശ്വാസവും ദുര്‍ബലപ്പെടുന്നു. ആഗോള വത്കരണത്തിന്റെ മാസ്‌മര ശക്തിയാൽ മൂല്യങ്ങൾ മണ്ണടിഞ്ഞുകൊണ്ടിരിക്കുന്നു.ആധുനിക ജീവിതം തിരക്കേറിയതായി മാറുന്നു. ധനസമ്പാദനത്തിന്റെ കുറുക്കുവഴികൾ തേടുന്നവർ മൃഗീയവാസനകകൾക്ക് അടിമകളാവുകയും അധമമായ പലതും ചെയ്യാൻ അറപ്പില്ലാത്തവരായി മാറുകയും ചെയ്യുന്നു.ഈ ശൈലിയെ പൂര്‍ണ്ണമായും നഗര ജീവിത ശൈലിയായി കാണാൻ സാദ്ധ്യമല്ല. ആ സാമ്പത്തിക മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ച്‌ സമൂഹത്തിൽ ഉന്നതങ്ങളിലെത്തുന്നവർ മനുഷ്യദൈവങ്ങൾക്ക് ചുറ്റും കൂട്ടുകൂടുന്നു. പുതിയ ആരാധനാ കേന്ദ്രങ്ങൾ നഗരങ്ങളിൽ വെട്ടിത്തിളങ്ങുന്നു. ദര്‍ശനത്തിനായി ബി.എം.ഡബ്ലൂ വാഹനങ്ങളെത്തുന്നു. അവർ അനുഗ്രഹംതേടി മടങ്ങുന്നു. ഈ നഗരങ്ങളിലേയ്ക്ക്‌ ഒരു തിരിഞ്ഞു നോട്ടം നടത്താൻ ഇനി വൈകരുത്‌.


    അവിടെയാണ്‌ നാട്ടുവഴികളും പൂഴിമണൽ നിറഞ്ഞ ഇടവഴികളും പച്ചപട്ടുപുതച്ചുറങ്ങുന്ന പാടങ്ങളുടെ വരമ്പുകളും പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങളും നിറഞ്ഞ ഗ്രാമം ചെറിയതോടുകളും, തൊടികളും, പുഴകളും എത്ര മനോഹരമാണ്‌ നാം നടന്നു പിന്നിട്ട ആ പഴയ ഗ്രാമങ്ങൾ!


    ഗ്രാമങ്ങളിലെവിടെയും ജനങ്ങൾ സ്വയം കൂട്ടംകൂടി രൂപീകരിച്ച വായനശാലകൾ, കലാസമിതികൾ, ഗ്രന്ഥശാലകൾ എന്നിവയൊക്കെ കലാസാംസ്കാരിക രംഗത്തെ കളരികളായിത്തീര്‍ന്നു. ഈ വിധമുള്ള വായനശാലകളും ഗ്രന്ഥശാലകളും മുൻകൈ എടുത്ത്‌ പ്രസിദ്ധീകരിച്ചിട്ടുള്ള എത്രയെത്രകൈയെഴുത്തുമാസികകൾ. അതിലൂടെ ഉയര്‍ന്നു വന്ന എത്രയെത്ര സാഹിത്യകാരന്മാർ. കേരളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരെ ആകര്‍ഷിച്ചതും, അവരുടെ ഭാവനയ്ക്ക്‌ ആയിരം നിറങ്ങളുള്ള ചിറകുകൾ വിടര്‍ത്തി പറന്നുയരാൻ സഹായിച്ചതും ഗ്രാമ ങ്ങളിലെ ആ പഴയ ഗ്രന്ഥശാലകളായിരുന്നു. അവരുടെ വായനാ ശീലത്തിന്റെ ദാഹം തീരര്‍ത്തത്‌ ആ പഴയ ഓലമേഞ്ഞ വായനശാലകളായിരുന്നു. ഈ കളരികളിലൂടെ സാഹിത്യ രംഗത്ത്‌ പിച്ചവച്ചു കടന്നു വന്നവരെ അന്നു സഹായിച്ചത്‌പ്രഭാത്‌ ബുക്ക്‌ ഹൗസായിരുന്നു . അവരുടെ അക്ഷരങ്ങള്‍ക്ക്‌ ചായം പകര്‍ന്നു ഗ്രന്ഥങ്ങളായി അച്ചടിച്ചു പ്രസിദ്ധീകരിച്ച കൊച്ചുകൊച്ചു കുട്ടി പ്രസ്സുകൾ എല്ലാംഎന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാവുകയാണോ പുതുകാലത്ത്‌?


    ഇന്ന്‌ പുസ്‌തക പ്രസിദ്ധീകരണശാലകൾ ഏറ്റവും കരുത്തുറ്റ കോര്‍പറേറ്റീവ്‌ കമ്പനികളായി മാറി. പഴയ കുട്ടിപ്രസ്സുകളുടെ സ്ഥാനത്ത്‌ ഭീമാകാരങ്ങളായ ആധുനിക സജ്ജീകരണങ്ങലോടെയുള്ളപ്രസ്സുകൾ, കമ്പ്യൂട്ടറുകൾ, ഫെയ്‌സ്‌ബുക്ക്‌, ഇന്റര്‍നെറ്റ്‌, യുട്യൂബ്‌. വിസ്‌മയകരമായമാറ്റങ്ങൾ . കോടികൾമുടക്കാതെ ഇന്ന്‌ ഒരു പ്രസിദ്ധീകരണശാല സാദ്ധ്യമല്ല. പുസ്‌തകങ്ങൾ വിറ്റഴിയുന്നതിൽ ഒരു ക്ഷാമവും ഇല്ല. ക്രമാതീതമായ വിലയാണ്‌ എല്ലാ പുസ്‌തകങ്ങള്‍ക്കും .എഴുത്തുകാർ പറ്റുന്നതുംചെറിയ തോതിലുള്ള പ്രതിഫലമല്ല.കലയും, സാഹിത്യവും, എല്ലാ കേവലം കച്ചവട ചരക്കുകളായി കമ്പോളത്തിലെത്തുന്നു.


    പ്രസിദ്ധീകരണ കമ്പനികൾ എഴുത്തുകാരുടെ പടിവാതിക്കൽ കാത്തു നില്ക്കുന്നു. ദശലക്ഷക്കണക്കിനുള്ള പുസ്‌തകങ്ങൾ വിറ്റഴിച്ചുകൊണ്ട് പ്രസിദ്ധീകരണ രംഗത്ത്‌ കുത്തകകൾ ഉയര്‍ന്നു വരുന്നു.


    "നമ്മുടെ നാട്ടിൽ സംഭവിച്ച ഈ മാറ്റങ്ങളെ അതിജീവിച്ചുകൊണ്ട് പ്രഭാത്‌ബുക്ക്‌ ഹൗസ് എന്ന പ്രസിദ്ധീകരണ സ്ഥാപനം കാലിടറാതെ ആറുദശ്ശാബ്‌ദം പിന്നിട്ടു. ഗ്രാമങ്ങളിലെ ചെറിയ ചെറിയ ഗ്രന്ഥശാലകളും അവയുടെ രൂപീകരണത്തിലും പ്രവരര്‍ത്തനങ്ങളിലും ത്യാഗനിര്‍ഭരമായ സേവനം നിര്‍വഹിച്ച എണ്ണമറ്റ ഗ്രന്ഥശാലാ പ്രവര്‍ത്തകരെയും പ്രഭാതിന്‌ ഒരിക്കലും മറക്കാനാവില്ല. ഒരു സമാന്തര ഗ്രാമീണ സര്‍വ്വകലാശാലയായി രൂപം പ്രാപിച്ച ഗ്രന്ഥശാലകളുടെയും ശൃംഖല ഒരു സര്‍വ്വ കലാശാലയെ പോലെ നമ്മുടെ ഗ്രാമങ്ങളുടെ സാംസ്‌ക്കാരിക രംഗത്തെ ഉയര്‍ത്തി കൊണ്ടു വന്നു. മങ്ങലേല്‌ക്കുന്ന ഈ പൈതൃകത്തെ പരിപോഷിപ്പിക്കാൻ ഇപ്പോഴും ഗ്രാമങ്ങളിൽ നിരന്തരം പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളെയും അവയുടെ പ്രവര്‍ത്തകരായി കഴിയുന്നവരെയും പ്രോത്സാഹിപ്പിക്കാൻ സമഗ്രമായ പദ്ധതിയ്ക്ക്‌ രൂപം നൽകേണ്ടതുണ്ട്. ഇന്ന്‌ നിലവിലുള്ള കേരള ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ‌ സര്‍ക്കാരിന്റെ വാര്‍ഷിക ബഡ്‌ജറ്റിൽ ഗണ്യമായ തുക നീക്കിവയ്ക്കേതാണ്‌."


    പ്രസിദ്ധീകരണ കുത്തകകളുമായി മത്സരിച്ച്‌ പുതിയ നൂറുകണക്കിന്‌ എഴുത്തുകാരെ കലവറകൂടാതെ സഹായിക്കുകയും അവരുടെ സൃഷ്‌ടികളെ വായനക്കാരുടെ കരങ്ങളിലെത്തിച്ച്‌ കേരളത്തിന്റെ പുത്തൻ തലമുറക്കാരായ എഴുത്തുകാരെയും, കവിതകളെയും, കഥകളെയും ഇതര സാഹിത്യ സൃഷ്‌ടികളെയും ലാഭനഷ്‌ടത്തിന്റെ പരിഗണന കൂടാതെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. പ്രഭാത്‌ ബുക്ക്‌ ഹൗസിനെ പോലുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക് ‌ സര്‍ക്കാർ പ്രോത്സാഹന ഗ്രാന്റ്‌ അനുവദിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിക്കണം."


    പ്രഭാത്‌ കലാ – സാംസ്‌ക്കാരിക രംഗത്ത്‌ വിപ്‌ളവകരങ്ങളായ മാറ്റങ്ങൾ വരുത്തുകയും കേരളത്തിന്റെ നിരവധി ഭാവനാസമ്പന്നരായ പ്രതിഭകളെ വളര്‍ത്തി എടുക്കുകയും മാർകിസിസത്തിന്റെയും സോഷ്യലിസത്തിന്റെയും ബാലപാഠങ്ങൾ കേരളത്തെ പഠിപ്പിക്കുകയും ചെയ്യുക മാത്രമല്ല വിശാലമായ റഷ്യൻ സാഹിത്യ ലോകത്തിന്റെ വാതിൽ കേരള ജനതയ്ക്ക്‌ തുറന്നിടുകയും ചെയ്‌തു. പ്രഭാത്‌ ബുക്ക്‌ ഹൗസ് അതിന്റെ നിസ്‌തുലമായ സേവനത്തിന്റെ ആറുപതിറ്റാണ്ട് ‌ പിന്നിടുകയാണ്‌.കൂടുതൽ വലിയ വിജ്ഞാന വിസ്‌മയ ലോകം സൃഷ്‌ടിക്കുകയാണ്‌ പ്രഭാതിന്റെ ലക്ഷ്യം.