• Categories
  • »
  • Essays
  • »
  • കള്ളന്മാരും ജഡ്‌ജിമാരും
  • Prabhath Books House

    കള്ളന്മാരും ജഡ്‌ജിമാരും

    Author :കണിയാപുരം രാമചന്ദ്രന്‍

    Edition : 2011

    170

പ്രഭാഷണകലയില്‍ അപരാജിതനായ ചക്രവര്‍ത്തിയായി വിരാജിക്കുവാന്‍ കണിയാപുരത്തിന്‌ മരണംവരെ സാധിച്ചിരുന്നു. ഒരു നല്ല പ്രഭാഷകന്‍ നല്ല എഴുത്തുകാരന്‍ ആകണമെന്നില്ല, എന്നാല്‍ കണിയാപുരം കൃതഹസ്‌തനായ എഴുത്തുകാരന്‍ കൂടിയായിരുന്നു. ലേഖനകര്‍ത്താവ്‌ എന്ന നിലയില്‍ കണിയാപുരത്തിന്റെ സ്ഥാനം സവിശേഷമാണ്‌. ആരേയും വശീകരിക്കുന്ന ഭാഷ, വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലി, എതിരാളികളുടേയും അഴിമതിക്കാരുടേയും മാറില്‍ തുളച്ചുകയറുന്ന പ്രയോഗങ്ങള്‍ ഇതെല്ലാം കണിയാപുരത്തിന്റെ ലേഖനങ്ങളുടെ സവിശേഷതയാണ്‌. തനിക്ക്‌ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും താന്‍ ഒരു പാര്‍ട്ടിയില്‍ അംഗമാണെന്നും, പക്ഷേ, തന്റെ എഴുത്തിനെ കക്ഷിരാഷ്ട്രീയം സ്വാധീനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. കണിയാപുരത്തിന്‌ എഴുത്തെന്നത്‌ നേരിന്റേയും നത്തയുടേയും പക്ഷത്ത്‌ നിന്നുള്ള പോരാട്ടമായിരുന്നു. തലോടേണ്ടിടത്ത്‌ തലോടിയും തല്ലേണ്ടിടത്ത്‌ തല്ലിയും, ഒഴുകുന്ന ഒരു പുഴ പോലെ ശാന്തവും സുന്ദരവുമാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍. അദ്ദേഹത്തിന്റെ പ്രഭാഷണം പോലെ തന്നെ ലേഖനങ്ങളും നമ്മെ ഊറിച്ചിരിക്കാനും ചിന്തിപ്പിക്കാനും സദാ ജാഗ്രത്തായിരിക്കുവാനും പ്രേരിപ്പിക്കുന്നു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ്‌ സ:കണിയാപുരം രാമചന്ദ്രന്റേത്‌. പ്രഭാഷണകല ഒരു കലയാണെങ്കില്‍ അതിന്റെ പര്യായമായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്ന്‌ യുവജനനേതാവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നത നേതാവുമായി മാറിയ കണിയാപുരത്തിന്റെ നിര്യാണം  വളരെ അപ്രതീക്ഷിതമായിരുന്നു. കേരളത്തിന്റെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള മുഴുവന്‍ ആളുകളും കണിയാപുരത്തിന്റെ പ്രസംഗത്തിന്‌ കാതോര്‍ത്തിരുന്നു. ഏത്‌ സമ്മേളനത്തിനും ആളെക്കൂട്ടാന്‍ അദ്ദേഹത്തിന്റെ പ്രസംഗം അനിവാര്യമായിരുന്നു. എഴുത്ത്‌ കലയിലും അദ്ദേഹത്തിന്‌ അപാരമായ സാമര്‍ത്ഥ്യമുണ്ടായിരുന്നു. ഈ ലേഖന സമാഹാരം അതിന്‌ ഉത്തമ ഉദാഹരണമാണ്‌. അദ്ദേഹത്തിന്റെ നാടകങ്ങളും കവിതകളും നമ്മുടെ സാംസ്‌കാരിക മണ്ഡലത്തില്‍ കോളിളക്കം സൃഷ്ടിച്ചവയാണ്‌. 2005 ഏപ്രില്‍ 18ന്‌ അന്തരിച്ച സ:കണിയാപുരം രാമചന്ദ്രന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക്‌ മുന്നില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചുകൊണ്ട്‌  കേരളത്തിലെ പ്രബുദ്ധരായ വായനക്കാര്‍ക്ക്‌ ഈ കൃതി സമര്‍പ്പിക്കുന്നു.