പഴയതും പുതിയതുമായ അനേകം ഇംഗ്ലീഷ്–മലയാളം നിഘണ്ടുക്കള്‍ ഉള്ള സ്ഥിതിക്ക് പുതിയൊരു പ്രസിദ്ധീകരണത്തിന്റെ ആവശ്യമെന്താണ്? ഇംഗ്ലീഷ് ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുള്ള ഒരു വിദ്യാര്‍ത്ഥിയെ ലളിതമായ ഇംഗ്ലീഷില്‍ എഴുതിയ ഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ കണ്ടുമുട്ടുന്ന പുതിയ പദങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാനും പദസമ്പത്തിനെ വിപൂലീകരിക്കാനും സഹായിക്കുക എന്ന പരിമിതമായ ലക്ഷ്യമാണ് ഈ നിഘണ്ടുവിനുള്ളത്. ഒരു നിഘണ്ടുവിന്റെ വലുപ്പം കുറയ്ക്കാന്‍ 2 സമ്പ്രദായങ്ങളാണ് സ്വീകരിക്കുന്നത്. ഒന്ന് പദങ്ങളുടെ എണ്ണം കുറയ്ക്കുക, രണ്ട് വിവരണത്തില്‍ കുറവ് വരുത്തുക. ഈ രണ്ട് സമ്പ്രദായങ്ങളേയും അത്യന്തം വിവേചനപൂര്‍വ്വം ഈ നിഘണ്ടുവിന്റെ നിര്‍മ്മിതിയില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അര്‍ത്ഥഗ്രഹണത്തെ ദുഷ്കരമാക്കുന്ന സംസ്കൃതപദങ്ങളെ ഒഴിവാക്കുകയും അത്തരം സന്ദര്‍ഭങ്ങളില്‍ ലളിതമായ നിര്‍വ്വചനങ്ങളില്‍ കൂടി അര്‍ത്ഥം പറയുകയുമാണ് ചെയ്തിട്ടുള്ളത്.
വൃഥാസ്ഥൂലതയെയും അതിന്റെ ഫലമായുണ്ടാകാവുന്ന വിലക്കൂടുതലിനേയും ഒഴിവാക്കുക, ആവശ്യമുള്ളതെല്ലാം ഉള്‍പ്പെടുത്തുക, ഇവയാണ് ഈ നിഘണ്ടുവിന്റെ നിര്‍മ്മിതിയില്‍ സ്വീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ തത്വങ്ങള്‍.