കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനും പ്രഗത്ഭനായ മന്ത്രിയും തൊഴിലാളി പ്രസ്ഥാനത്തിന്റെ സമാരാധ്യ നേതാവും പുന്നപ്രവയലാര്‍ ഉള്‍പ്പെടെയുള്ള തീപാറുന്ന സമരങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ടി.വി തോമസിന്റെ ജീവചരിത്രം. ഒരു വ്യക്തിയുടെ ജീവചരിത്രത്തേക്കാള്‍ ഉപരി ഒരു ദേശത്തിന്റെ ചരിത്രമാണിതിലൂടെ അനാവൃതമാകുന്നത്. സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളും ആധുനിക കേരള നിര്‍മ്മിതിയുമെല്ലാം ടി.വിയുടെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. സംഭവബഹുലമായ ഈ ജീവചരിത്രം യുവതലമുറയിലെ വായനക്കാര്‍ക്ക് പുതിയൊരു അനുഭവമായിരിക്കും.
ആറന്മുളയുടെ സാംസ്‌കാരിക പൈതൃകം അന്വേഷിക്കുന്നവര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഗ്രന്ഥമാണിത്. പൊതുപഠനമാര്‍ഗം സ്വീകരിച്ച് രചിച്ച ഒരു പുസ്‌തകമാണ് ബാബു തോമസിന്റെ ആറന്മുളയുടെ തിരുശേഷിപ്പുകള്‍. പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ ബാബുതോമസിന് ആറന്മുളയുടെ സംസ്‌കാരപഠനം സ്വന്തം വേരുകള്‍ തേടല്‍ കൂടിയാണ്. അതിനാല്‍ ഈ ഗ്രന്ഥത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് ആത്മാര്‍ത്ഥതയാണെന്ന് വായനക്കാര്‍ ആദ്യം ശ്രദ്ധിക്കുക. ആറന്മുളയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ പുസ്‌തകത്തിലുണ്ടാകണമെന്ന് ഗ്രന്ഥകാരന്‍ ആഗ്രഹിച്ചിട്ടില്ല എന്ന് സ്‌പഷ്ടം. എന്നാല്‍ ആറന്മുളയെപ്പറ്റി പ്രസിദ്ധീകൃതമായിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം പരിശോധിക്കുന്നതായി കാണാം. ബാബു തോമസിന്റെ അന്വേഷണ തൃഷ്‌ണയേയും അശാന്ത പരിശ്രമത്തെയും അഭിനന്ദിക്കുന്നു.
സ്വാതന്ത്ര്യത്തിനും ദേശീയ ഐക്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടി കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വലുതും ത്യാഗോജ്ജലവുമായ സമരങ്ങളുടെ മുന്നണിയിലുള്ള ഒന്നാണ് 1946 ല്‍ നടന്ന ``പുന്നപ്രവയലാര്‍ സമരം''. ഈ സമരം രാജവാഴ്‌ചയ്ക്കും ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനും സ്വാതന്ത്ര്യ തിരുവിതാംകൂറിനും എതിരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി കര്‍ഷക സംഘടനകളുടെ നേതൃത്വം നല്‍കിയ ഈ സമരത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുവാന്‍ വികലമായ രാഷ്‌ട്രീയ പ്രേരണകള്‍ മൂലം കേന്ദ്രസര്‍ക്കാരുകള്‍ വിസമ്മതിക്കുകയായിരുന്നു ഇക്കാലമത്രയും. "പുന്നപ്രവയലാറിന്റെ" ഒരു പുതിയ പതിപ്പ് ഈ പശ്ചാത്തലത്തില്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. പുതിയ തലമുറയുടെ മുമ്പില്‍ വസ്‌തുനിഷ്‌ഠമായി ചരിത്രം അവതരിപ്പിക്കുന്നതിനു വേണ്ടി. പുന്നപ്രവയലാര്‍ സമരത്തിന്റെ നേതാക്കളില്‍ പ്രമുഖനായ കെ.സി ജോര്‍ജ് എഴുതിയ ഈ ചരിത്രഗ്രന്ഥം വായനക്കാര്‍ സ്വാഗതം ചെയ്യുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
തിരുവിതാംകൂര്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ സമുജ്ജ്വലമായ അധ്യായമാണ് "പുന്നപ്ര–വയലാര്‍ സമര" ത്തിലൂടെ രചിക്കപ്പെട്ടത്. ഭരണാധികാര ശക്തിയുടെ നിഷ്‌ഠൂരതയെ ദേശസ്‌നേഹ പ്രചോദിതമായ സാഹസികതയും ആത്മശക്തിയും കൊണ്ട് അഭിമുഖീകരിച്ച എണ്ണമറ്റ മനുഷ്യരുടെ ജീവിതത്യാഗത്തിന്റെ ചരിത്രമാണത്. ആസൂത്രണത്തിനും നിര്‍വ്വഹണത്തിലും നേതൃസ്ഥാനത്തു വര്‍ത്തിച്ച കെ.സി. ജോര്‍ജ് സ്വാനു ഭവതീവ്രതയോടെ ആ സമരകഥ വിവരിക്കുന്നു.
155 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1848 ല്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് രചിച്ച ``കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' ചരിത്രത്തിന്റെ ഗതിക്രമത്തെ മാറ്റി മറിക്കുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു മഹത് ഗ്രന്ഥമാണ്. ``സര്‍വ്വരാജ്യ തൊഴിലാളികളെ ഏകോപിക്കുവിന്‍'' എന്ന ഉജ്ജ്വലമായ ആഹ്വാനം നല്‍കിക്കൊണ്ട് വിപ്ലവകരമായ സാമൂഹ്യ മാറ്റത്തിന് വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന് ലക്ഷ്യബോധവും ശക്തിയും പകര്‍ന്നു കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ലോകത്ത് ഏറ്റവും അധികം വായിക്കപ്പെട്ട പുസ്‌തകങ്ങളില്‍ ഒന്നാണ് ``കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ''. ഇത് എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ദാര്‍ശനികവും പ്രത്യയശാസ്‌ത്രപരവുമായ അടിത്തറ പാകിയ ലോകപ്രശസ്‌തമായ ഈ കൃതിയുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.