തിരുവല്ലയില്‍ കുഴിവേലിപ്പുറത്ത്, തുണ്ടിയില്‍ 1940 ല്‍ ജനിച്ചു. അച്ഛന്‍ കെ.എന്‍.നാണുവൈദ്യര്‍. അമ്മ കെ.എല്‍ പാറുക്കുട്ടിയമ്മ. സമസ്‌തകേരള സാഹിത്യപരിഷത്തിന്റെ നാടകരചനയ്ക്ക് 1968ല്‍ `സങ്കലന'ത്തിനും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബാലനാടകത്തിന് 1994 ല്‍ `ഇതിഹാസഹൃദയത്തിനും അവാര്‍ഡ് ലഭിച്ചു. പ്രധാനകൃതികള്‍ : നാടകങ്ങള്‍ – ശില്‌പികള്‍, സങ്കലനം, തിമിരം. ഏകാങ്കം – ഇതിഹാസഹൃദയം, ഇതഹാസ ദര്‍ശനം, കുട്ടികളുടെ നാടകം, കുട്ടികളുടെ ഏകാങ്കങ്ങള്‍. പ്രഹസനം – രോഗം. ബാലസാഹിത്യം – കുട്ടികളുടെ കഥാപ്രസംഗം, ബാലകഥാപ്രസംഗം. കവിതകള്‍ – എന്നിനി സൂര്യോദയം...?, ഇനിയെന്നുവരുമെന്റെ കണ്ണാ...? സ്വപ്‌നാടനം, എങ്കിലും ഗോപികേ, അയന്നം, അമരഗന്ധര്‍വ്വന്‍.
ഇതിലെ കവിതകള്‍ ആകര്‍ഷകങ്ങളാണ്. ആശയപരമായി ഔന്നത്യം പുലര്‍ത്തുന്നവയാണ്. സമൂഹത്തിന്റെ നാനാദിശകളിലേക്ക് നോട്ടത്തിന്റെ ടോര്‍ച്ചടിക്കുവാനും അങ്ങിങ്ങായി ദൃശ്യമാകുന്ന പ്രത്യേക വസ്‌തുതകള്‍ കലാസൃഷ്ടികള്‍ക്ക് കരുക്കളാക്കുവാനും വിജയരാഘവന്‍ കളിപ്പാന്‍കുളം ശ്രദ്ധിച്ചിട്ടുണ്ട്. പ്രേമം, സാമൂഹിക, സത്യങ്ങള്‍, രാജ്യസ്‌നേഹം, മൈത്രി തുടങ്ങിയ വികാരങ്ങള്‍ പ്രകടമാക്കുന്നത് ഇവിടെ അതിമധുരങ്ങളായിരിക്കുന്നു. സമൂഹത്തിന്റെ അനാചാരങ്ങള്‍ക്കെതിരായി ശബ്ദിക്കുവാനും ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിന്റെ രമ്യങ്ങളും അരമ്യങ്ങളുമായ എല്ലാം രംഗങ്ങളിലൂടെയും ഒരു ജിജ്ഞാസുവിനെപ്പോലെ കവി പദയാത്ര ചെയ്യുന്നതു കാണാം.
രൂപഭാവങ്ങളാല്‍ വ്യത്യസ്‌തമായ നിരവധി രചനകളുടെ തിരക്കുള്ള ഒരിടമാണ് കവിതാരംഗം സ്വാഭാവികതയും സത്യസന്ധതയും സൂക്ഷ്‌മ സംവേദനക്ഷമതയും ഒത്തിണങ്ങിയ കവിതകള്‍ സ്വന്തം വായനക്കാരെ കണ്ടെത്തുന്നു. ഈ സമാഹാരത്തിന്റെ പേര് `` ചെമ്പകമരം'' എന്നായതുകൊണ്ട് എനിക്കൊരു പ്രത്യേക താത്‌പര്യം തോന്നിയെന്നു പറയാതെ വയ്യ. പകലന്തിയോളം വെയിലും മഴയുമേറ്റ് ഇരുള്‍പ്പാതയിലെ യാത്രക്കാരന് മറക്കാനാകാത്ത സുഗന്ധ സായൂജ്യം നല്‍കുന്ന കാട്ടുചെമ്പകം എന്നോടൊപ്പം ഏറെനാളുണ്ടായിരിന്നു. വരികള്‍ക്കിടയിലെ ജാലകങ്ങള്‍ തുറന്നടഞ്ഞപ്പോള്‍ ഭാവനാസമൃദ്ധമായ ഒരു സങ്കല്‌പ ലോകമാണ് നമ്മുക്ക് കാണാന്‍ കഴിഞ്ഞത്. സ്‌ത്രീ–പുരുഷ പാരസ്‌പര്യത്തെപ്പറ്റിയുള്ള നാലഞ്ചു രചനകളിലെ വൈകാരിക സത്യസന്ധത എടുത്തു പറയേണ്ടതാണ്. ഇതു തന്നെയാണ് കവിത്വമുള്ള മനസ്സിന്റെ മുദ്ര. അജ്ഞാതത്തെച്ചൊല്ലിയുള്ള ആകുലത, അന്വേഷണം, അമ്പരപ്പ്, അഭിരുചികള്‍ അവയുടെമഹത്വം കൊണ്ട് അനുഗ്രഹിച്ചിട്ടുള്ള ഈ കവിക്ക് ഇനിയുമിനിയും എഴുതുവാനും രചനാപരിപാകം സമാര്‍ജ്ജിക്കുവാനും സകല സാഹചര്യങ്ങളുമുണ്ടാവട്ടേയെന്ന് അഗ്രഹിക്കുന്നു. ഈ കൃതികള്‍ സഹൃദയര്‍ സ്വീകരിക്കുവാനും ആസ്വദിക്കുവാനും ഇടവരട്ടെ.