രാജേന്ദ്രന്‍ നിയതിയുടെ ``ഐലന്റ് ഡ്വാര്‍ഫിസം'' എന്ന കവിതാ സമാഹാരം വായിച്ചു കഴിഞ്ഞപ്പോള്‍ കേവലയുക്തിയെ അപ്രസക്തമാക്കുന്ന ഭാവനയുടെ നിഗൂഢ സഞ്ചാരമാണ് കാണാന്‍ കഴിഞ്ഞത്. ``കവി...ക്രാന്തദര്‍ശി'' എന്ന പൗരാണിക മതത്തെ ശരിവയ്ക്കുന്നതാണ് രാജേന്ദ്രന്‍ നിയതിയുടെ കാവ്യ നിര്‍മ്മിതി. ``ഐലന്റ് ഡ്വാര്‍ഫിസം'' എന്ന തലക്കെട്ട് പോലും കവിയുടെ നിരീക്ഷണത്തിലെ സൂക്ഷ്‌മഭാവങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പോരായ്‌മയെക്കാള്‍ മേന്മകള്‍ മാത്രം എടുത്തുപറയാവുന്ന രാജേന്ദ്രന്‍ നിയതിയുടെ ഈ സമാഹാരം സഹൃദയരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം വായനക്കാരോടൊപ്പം പങ്കുവെച്ചു കൊണ്ട് ഈ കവിതാ സഞ്ചയത്തെ ഞാന്‍ വായനക്കാര്‍ക്ക് മുന്നില്‍ സ്‌നേഹാദരങ്ങളോടെ സമര്‍പ്പിക്കുന്നു.
ചട്ടമ്പിസ്വാമിയുടെ ജീവിതക്കഥയിലെ പ്രധാനസംഭവങ്ങള്‍ കൊരുത്തുകെട്ടിയ ഒരു വനമാലയാണ് കവി ജി.എസ് പിള്ളയുടെ ഈ ബൃഹത് രചന...വിദ്യാധിരാജന്റെ ജീവിതം ഏതു കവിത്വത്തിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. ``പ്രാംശുലഭൈര്‍ ഫലൈ ലോഭാത് ഉദ്‌ബാഹുരിവ വാമന'' എന്ന മട്ടിലാണ് കാര്യത്തിന്റെ നില. ജി.എസ്. പിള്ള ധീരമായി ആ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. സ്വാമിയുടെ ജീവിതത്തിലെ അറിയപ്പെടുന്ന മിക്ക സംഭവങ്ങളും കവി ഒഴിവാക്കിയിട്ടില്ല. ദാരിദ്ര്യം കാര്‍ന്നുതിന്നുന്ന ബാല്യകാല ജീവിതവും വിശദമായ വര്‍ണ്ണനയ്ക്ക് വിധേയമായിട്ടുണ്ട്. ഒരു ലീലപോലെ ജീവിതം കഴിച്ചുകൂട്ടിയ ആ ആത്മസ്വരൂപന്റെ പ്രവര്‍ത്തനമേഖല കവിതാത്മകമായി പരിചയപ്പെടുത്തുവാന്‍ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. വൃത്തത്തിലെ വൃത്തമായ അനുഷ്ടിപ്പില്‍ ഈ കവിയുടെ കൃതഹസ്‌തത എടുത്ത് പറയേണ്ടിയിരിക്കുന്നു.
19 കവിതകളാണ് ``കനലെരിയും വഴികള്‍'' എന്ന സമാഹാരത്തിലുള്ളത്. ആനുകാലികങ്ങളിലൂടെ വെളിച്ചം കണ്ടതാണ് മിക്ക കവിതകളും. ഭാവുക മനസ്സുകളില്‍ കുളിര്‍മയും ശക്തിയും പകരാന്‍ കെല്‍പ്പുള്ളവയാണ് ഈ കവിതകളിലേറെയും. ദുഃഖങ്ങളും ദുരിതങ്ങളും നിറഞ്ഞതാണ് ജീവിതമെങ്കിലും പ്രത്യാശഭരിതനായ ഒരു കവിയുടെ ഹൃദയനാദമാണ് കനലെരിയും വഴികളില്‍ നമ്മുക്ക് കേള്‍ക്കാന്‍ കഴിയുക. ജഡ ജീര്‍ണതകളില്‍ നിന്നുള്ള മോചനമാണ് കവി ലക്ഷ്യമാക്കുന്നത്.