``അകാല്‌പനിക കവിതകളുടെ പിറവി അരങ്ങേറിയ അരനൂറ്റാണ്ടിനപ്പുറത്ത് ഒരു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഗൌരീശപട്ടം ശങ്കരന്‍നായര്‍ ഉദാത്തവല്‍കൃതമായ പലതിനേയും കവണകൊണ്ടെറിഞ്ഞ് വീഴ്‌ത്താനുള്ള കൌതുകം കാട്ടിയിരുന്നു. പലരും കൊതിച്ച് കൈ ചൂണ്ടുന്ന മാവിന്‍കൊമ്പത്തെ വാസനക്കനി എറിഞ്ഞ് വീഴ്‌ത്തിയിട്ട്, കത്തിക്കൊണ്ട് കീറി അതിന്റെ ഉള്ളിലിരിക്കുന്ന പുഴുവിനെ കാട്ടിത്തന്ന് പൊട്ടിച്ചിരിക്കുന്ന ഒരു കുസൃതിക്കാരന്‍ അന്ന് അദ്ദേഹം എഴുതിയ കവിതകളിലാകെ തെളിഞ്ഞ് നിന്നിരുന്നു. ഇതിവൃത്തത്തില്‍ മൌലികമായി മാറ്റമൊന്നും വരുത്താതെ കഥാപാത്രങ്ങളെ ആധുനിക ലോകത്തിന്റെ അകാല്‌പനിക പരിസരങ്ങളില്‍ പുനരാവിഷ്‌കരിക്കുകയാണ് ശങ്കരന്‍നായര്‍ ചെയ്യുന്നത്. ഇതിലെ വരികള്‍ക്കുള്ളില്‍ കവിയുടെ സഹജമായ ചിരി ഇന്നും മുഴങ്ങുന്നുണ്ട്. ഇന്നും കാല്‌പനികമായ ഉദാത്ത പ്രണയകഥകളില്‍ അഭിരമിക്കുന്നവര്‍ക്ക് പോലും ഈ കൃതി വായിച്ച് പൊട്ടിച്ചിരിക്കാതിരിക്കില്ല.
എത്ര ദേവാലയങ്ങള്‍ ഇവിടെ മത്സരിച്ച് നിര്‍മ്മിച്ചു ? വിവിധ സമയങ്ങള്‍ ചിട്ടപ്പെടുത്തി ഞായറാഴ്‌ച ദിവസം അനേകം കുര്‍ബാനകള്‍ നടത്താന്‍ ഒരു പള്ളിയുടെ ആവശ്യമല്ലേയുള്ളു. അനേകം ആരാധനാലയങ്ങള്‍ മാത്സര്യബുദ്ധിയോടെ കെട്ടിപ്പടുക്കുമ്പോള്‍ മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹബന്ധങ്ങള്‍ ശിഥിലമാകുന്നു. ശത്രുത വര്‍ദ്ധിക്കുന്നു. കീശയിലെ കാശ് കരിങ്കല്ലിനും കോണ്‍ക്രീറ്റിനും ഇവിടുത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍ക്കുമായി ചോര്‍ന്നു പോകുന്നു. ഇത്തരം ധൂര്‍ത്തടികള്‍ക്കു പിന്നില്‍ ദീര്‍ഘവീക്ഷണം തെല്ലുപോലുമില്ലാത്ത സാമൂഹിക–മതനേതാക്കളുടെ കറുത്ത കൈകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് പള്ളിപ്പണി നടത്തി പണമടിച്ചുമാറ്റാനും സ്ഥാനം സംരക്ഷിക്കാനും അവസരമൊരുക്കുന്നു. വൈദികര്‍ ആരുടേയും ചട്ടുകമാകരുത്.
പത്രപ്രവര്‍ത്തകരില്‍ പലതരക്കാരുണ്ട്. ചിലര്‍ ഗൌരവ സ്വഭാവികള്‍. എത്ര നേരമ്പോക്കുള്ള വാര്‍ത്തയും ഇവരുടെ കൈവഴി വന്നാല്‍ ഗൌരവവും അക്കാരണത്താല്‍ വിരസവും ആകും. നര്‍മ്മരസികനായ പത്രാധിപരുടെ കൈയ്യിലൂടെ അയാളതിലെ രസികത മനസ്സിലാക്കി ഒന്നാന്തരമൊരു ചെറുഫലിതഭാവനയാക്കി അവതരിപ്പിക്കും. തങ്ങളുടെ വിജ്ഞാനഭാണ്ഡം വാര്‍ത്തകളിലൂടെ പ്രദര്‍ശിപ്പിക്കുന്നവരാണ് ഇനിയൊരു കൂട്ടര്‍. വാര്‍ത്താവസാനം വരെ സസ്‌പെന്റില്‍ നിര്‍ത്തി ഒടുവില്‍ മാത്രം പുറത്ത് വിടുന്ന ചില വിരുത ലേഖകരുമുണ്ട്. ചുരുക്കത്തില്‍ ``ഭിന്നരുചിര്‍ഹി ലോകഃ\'\' എന്നു പറഞ്ഞതുപോലെ പത്രപ്രവര്‍ത്തകരും പലവിധക്കാരാണ്. നര്‍മ്മത്തില്‍ പതിയുന്ന കണ്ണുകളുള്ള എഴുത്തുകാരനാണ് ബേബി എന്ന് ``കിന്നാരങ്ങളും പുന്നാരങ്ങളും\'\' തെളിയിക്കുന്നു.
ചിരി ആരോഗ്യദായകമാണെന്ന് ശാസ്‌ത്രം അംഗീകരിക്കുന്നു. ജീവിത വേദനകളെ പൊറുപ്പിക്കാനും മറക്കാനും പ്രകൃതി മനുഷ്യന് പ്രദാനം ചെയ്‌തിട്ടുള്ള മൃതസഞ്‌ജീവനിയാണ് ചിരി. ചിരിക്കാന്‍ കഴിവുള്ള ഏകമൃഗം മനുഷ്യനാണല്ലോ. ആത്മഹത്യ മുനമ്പിലെത്തിയവരെപ്പോലും തിരിച്ചുകൊണ്ടുവരാന്‍ ചിരിമുഹൂര്‍ത്തങ്ങള്‍ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ കടുംപിടുത്തങ്ങള്‍ മാറ്റിവെച്ച് ചിരിക്കാന്‍ കിട്ടുന്ന ഏതൊരവസരവും പ്രയോജനപ്പെടുത്തുക. പുരുഷത്താര്‍ മാത്രമുള്ള ലോകത്ത് ആത്മാര്‍ത്ഥമായ ചിരിയുണ്ടാവില്ല, അതിന് അവള്‍ കൂടി വേണം. പുരുഷന്റെ ചിരിയേക്കാള്‍ എത്രയോ ഹൃദ്യമാണ് സ്‌ത്രീയുടെ ചിരി. ആ ചിരിയുടെ ഉടമ ഒരു കോമളാംഗി ആയാലോ. കോമളാംഗിമാരുടെ ഈ ചായക്കൂട്ട് ഞാന്‍ വായനക്കാരുടെ മുന്നിലേക്ക് വയ്ക്കുകയാണ്. ഇത് നിങ്ങള്‍ക്ക് രുചികരമായി തോന്നിയാല്‍ ഞാന്‍ ധന്യനായി.
കാര്‍ട്ടൂണിസ്റ്റ് എം.എസ്. മോഹനചന്ദ്രന്റെ 31 ഹാസ്യലേഖനങ്ങളുടെ സമാഹാരം. പ്രണയം, ദാമ്പത്യം, രാഷ്ട്രീയം, സാമൂഹികം തുടങ്ങി ജീവിതത്തിന്റെ വിവിധ തുറകളിലെ ഫലിത സന്ദര്‍ഭങ്ങള്‍ കണ്ടെത്തി ഹാസ്യകഥാകാരന്റെ നര്‍മ്മരസികതയും കാര്‍ട്ടൂണിസ്റ്റിന്റെ വിമര്‍ശനചാതുരിയും സമ്മേളിപ്പിച്ച് ഒരുക്കിയതാണ് ഇതിലെ ലേഖനങ്ങള്‍. അഹല്യ, ശകുന്തള, ഊര്‍വ്വശി, മേനക, രംഭ തിലോത്തമമാര്‍ തുടങ്ങിയ കോമളാംഗികള്‍ ലേശം മോഡേണായിട്ടുണ്ടെങ്കില്‍. കലാപ പ്രതിഭകളായ അമ്മായിയമ്മയും മരുമകളുമൊക്കെ തനി നാടനായിത്തന്നെ രംഗപ്രവേശം ചെയ്യുന്നു. ചിരി മരിക്കുകയും ടെന്‍ഷന്‍ ഏറുകയും ചെയ്യുന്നതായി പരാതിയുള്ളവര്‍ക്ക് ആശ്വാസദായകമാണ് ഈ ഗ്രന്ഥം. ഇടയ്ക്കൊന്ന് പൊട്ടിച്ചിരിക്കണമെന്ന് തോന്നിയാല്‍ അതിനും മടിക്കേണ്ടതില്ല. ചിരി ആരോഗ്യത്തിനും സ്റ്റാറ്റസ്സിനും ഹാനികരമല്ല എന്നോര്‍ക്കുക.