പണത്തിന് വേണ്ടിയും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയും കേവലം സുഹൃദ്‌ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടിപ്പോലും സ്‌ത്രീയെ ഭര്‍ത്താക്കന്മാരും കാമുകന്മാരും പങ്കുവയ്ക്കപ്പെടുന്ന ദാരുണമായ സത്യം ഈ നോവലിലൂടെ വരച്ച് കാട്ടുന്നു. സ്‌ത്രീയുടെ ചാരിത്ര്യം വെറും മിഥ്യയായി മാറുകയാണ് ഈ നോവലിലെ നായിക സീമയുടെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സീമ ശ്രമിക്കുന്നുണ്ടെങ്കില്‍ പോലും പരാജയപ്പെടുകയാണ്. ആസൂത്രിതമായി ചെയ്യപ്പെട്ട സീമയുടെ കൊലപാതകത്തിലൂടെ നോവല്‍ അവസാനിക്കുന്നു. മനുഷ്യജീവിതം പുരോഗമിക്കുന്തോറും മാനുഷിക മൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്ന സത്യം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. എസ്.കെ പിള്ളയുടെ തനത് ശൈലിയിലുള്ള ഹൃദ്യമായ ആവിഷ്‌കാരം വേറിട്ട ഒരു വായനാനുഭവമാണ് നല്‍കുന്നത്.
ഗ്രാമപ്രദേശങ്ങളില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാരെ കിട്ടുന്നില്ലെന്ന പരാതി ഏറെക്കാലമായി ആവര്‍ത്തിച്ചു കേട്ടുവരുന്നു. നഗരങ്ങളിലെ സുഖസൗകര്യങ്ങള്‍ ആസ്വദിച്ച് സുസജ്ജീകൃതങ്ങളായ ആശുപത്രികളില്‍ വര്‍ഷങ്ങളായി സേവനമനുഷ്‌ഠിക്കാന്‍ ഭാഗ്യം ലഭിച്ച ഡോക്ടര്‍മാര്‍ ഏറെയുണ്ട്. നഗരങ്ങളില്‍ നിന്ന് അകലെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ, യാത്രസൗകര്യങ്ങള്‍ തികച്ചും വിരളമായി പരു പരുക്കന്‍ പാതകളിലൂടെ നടന്ന് കുന്നുകള്‍ കയറിയിറങ്ങി വേണ്ടത്ര വെള്ളവും വെളിച്ചവുമില്ലാതെ ആവശ്യത്തിന് ഔഷധങ്ങളോ മറ്റ് സജ്ജീകരണങ്ങളോ ഇല്ലാത്ത ഡിസ്‌പെന്‍സറികളില്‍ അവര്‍ കഴിവിന്റെ പരമാവധി സേവനം നടത്തിവരുന്നു. അത്തരം ചില അനുഭവങ്ങള്‍ വായിക്കുക ``ആയുധങ്ങളില്ലാത്ത ഭടനില്‍''.
`പറയിപ്പെറ്റ പന്തിരുകുലം' ഒരു മിത്താണ്. ജാതികളും ഉപജാതികളും തങ്ങളുടെ ശക്തിയും പ്രതാപവും പാവപ്പെട്ടവരുടെമേല്‍ അടിച്ചേല്‍പ്പിച്ചിരുന്ന ഒരു കാലഘട്ടം മലയാളക്കരയില്‍ ഉണ്ടായിരുന്നു. ജന്മിനാടുവാഴി മേധാവിത്വം ജാതിയാകുന്ന പടവാളെടുത്ത് അടിയാളരുടെ തല കൊയ്‌തിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നവരെ എതിര്‍ക്കാന്‍ അവരുടെ കൈയ്യില്‍ ഒന്നുമില്ല. അവര്‍ സ്വപ്‌നം കണ്ടു. തങ്ങള്‍ മോചിതരാകുന്നത്. അവരുടെ സ്വപ്‌നം, സര്‍വ്വാഭരണ വിഭൂഷിതയായ ഒരു ഭ്രാന്തിപ്പെണ്ണിനെപ്പോലെ ഓടിനടന്നു. ഭ്രാന്തിയായിരുന്നെങ്കിലും അവള്‍ ഉച്ചരിക്കുന്നത് അര്‍ത്ഥമുള്ള പദങ്ങളായിരുന്നു. ഇത്തരമൊരു കൃതി രചിക്കാന്‍ നീണ്ട വര്‍ഷങ്ങള്‍ ഞാനെടുത്തു. അനേകം വൃദ്ധപണ്ഡിതന്മാരെ സന്ദര്‍ശിച്ചു. അതില്‍ പാണനും പറയനും പുലയനും പെടും. ഈ കൃതി ദേശാഭിമാനി വാരികയില്‍ 46 ലക്കങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. `പറയിപ്പെറ്റ പന്തിരുകുലം' കാണാൻ നിങ്ങളെ ക്ഷണിക്കുന്നു.
ബ്രാഹ്മണനും വിക്രമാദിത്യ സദസ്സിലെ മഹാപണ്ഡിതനുമായിരുന്നു വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയകന്യകയെ വിവാഹം കഴിക്കേണ്ടിവന്നു. ബ്രാഹ്മണന് പറയ സ്‌ത്രീയില്‍ 12 മക്കളുണ്ടായി. തന്റെ മക്കളെ നോക്കിവളര്‍ത്താനുള്ള ഭാഗ്യം പഞ്ചമിക്കുണ്ടായില്ല. കുട്ടികള്‍ ഓരോ ദിക്കില്‍ ഓരോ ജാതിയില്‍ വളര്‍ന്നു. `പറയിപ്പെറ്റ പന്തിരുകുലം' ഇവിടെ നിന്നും ഉത്ഭവിക്കുന്നു. ഒരു മിത്തിന് കാലഘട്ടത്തിന്റെ പരിണാമ പ്രക്രിയയിലൂടെ രൂപം നല്‍കുകയാണ് ശ്രീ.പി.നരേന്ദ്രനാഥ്. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ് `പറയിപ്പെറ്റ പന്തിരുകുലം'.
രാഷ്ട്രീയ സംഭവവികാസങ്ങളുടെ അടിസ്ഥാനപരമായ കാരണം സാമ്പത്തികം മാത്രമല്ല. ആശയലോകത്തെ മറ്റുപല ഘടകങ്ങളും അവയെ സ്വാധീനിക്കാറുണ്ട്. രാഷ്‌ട്രീയവും ഭരണപരവും ആശയപരവും കലാസാഹിത്യാദി മേഖലകളും ഇവയില്‍ അന്തര്‍ലീനമായി കിടപ്പുണ്ട്. ഇവയുടെ സമൂര്‍ത്തചലന പ്രക്രിയയ്ക്ക് ജീവന്‍ നല്‍കുന്ന കഥാപാത്രത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണ് –`നിലപാട്'. പ്രത്യയശാസ്‌ത്രം പ്രതിനിധീഭവിക്കുന്ന സാമൂഹ്യഖണ്ഡം എന്ന സങ്കല്‌പത്തെ ഒരു വിശകലനത്തിലൂടെ ബാബു എന്ന കഥാപാത്രം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നു. ഭൗതികശക്തിയുമായി ഘടിപ്പിക്കാത്ത പ്രത്യയശാസ്‌ത്രങ്ങള്‍ക്ക് ഭാവനയില്‍ കവിഞ്ഞ സ്ഥാനം നല്‍കുവാന്‍ കഴിയുമോ. ബഹുജനങ്ങളെ ഒത്തൊരുമിപ്പിക്കുവാനും മനുഷ്യര്‍ക്ക് മുന്നേറുവാനും സ്വന്തം അവസ്ഥയും സമരവും സ്വയം മനസ്സിലാക്കുവാനും ഉതകുന്ന അവബോധം നേടാന്‍ ആവശ്യമായ അരങ്ങ് സൃഷ്ടിക്കുന്ന പ്രത്യയശാസ്‌ത്രമാണ് `നിലപാടിന്റെ നിലപാടുതറ.