Prof M S Balakrishnan Nair MA DTE Phd
ഡോ എം എസ് ബാലകൃഷ്ണൻ നായർ
ചാംസ്കൂൾ ഒഫ് ലാങ്‌ഗ്വിജസ്
പേട്ട, തിരുവനന്തപുരം - 24
ഭാഷാശാസ്ത്രത്തിൽ പീഎച്ച്ഡീ സമ്പാദിച്ചിട്ടുള്ള പ്രഫ എം എസ് ബാലകൃഷ്ണൻ നായർ ഭാരതത്തിലും വിദേശത്തും ഇംഗ്ലീഷ് അധ്യാപകനായി നാലു ശദാബ്ദത്തിലധികം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷ് & ഫോറൻ ലാങ്ഗ്വിജസികൾ നിന്നും അധ്യാപനത്തിൽ പരിശീലനം നേടിയ ഡോ നായർ എൻ എസ് എസ് കോളേജുകളിലും നാഷണൽ കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസേർച്ച് & ട്രെയിനിങിൽ മൈസൂറിലെ റീജനൽ കോളേജ് ഒഫ് എഡ്യൂക്കേഷനിലും വിവിധ തലങ്ങളിൽ ഇംഗ്ലീഷ് അധ്യാപനമേഖലയിൽ പ്രവർത്തിച്ചു. സഹപ്രവർത്തകരുടെ ഇടയിൽ എംഎസ്ബീ എന്ന് അറിയപ്പെടുന്ന പ്രഫസർ നായർ തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിന്റെ അധ്യക്ഷനായിരുന്നു.
കേരളത്തിലെ സ്കൂളുകൾക്കുവേണ്ടി ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ നിർമ്മാണത്തിൽ 1986 മുതൽ 2007 വരെ സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷനൽ റിസേർച്ച് & ട്രെയിനിങിൽ സേവനം അനുഷ്‌ഠിച്ചു. സ്പോക്കൻ ഇംഗ്ലീഷിന് ഊന്നൽ നൽകി യൂനിവേഴ്‌സിറ്റി ഒഫ് ലണ്ടനിലെ പ്രഫസർ ജെഫ്രി ബ്രോട്ടനുമായി ചേർന്ന് ശബ്ദലേഖനം ചെയ്ത കാസെറ്റുകളോടെ അവതരിപ്പിച്ച മൂന്നുവാല്യങ്ങളുള്ള സങ്കേത് ഇംഗ്ലീഷ് - ഇംഗ്ലീഷ് - മലയാളം - ഹിന്ദി നിഘണ്ടുവിന്റെ (കാക്‌സ്, തിരുവനന്തപുരം 1994) ചീഫ് എഡിറ്ററാണ്.
2015 - ൽ ഡീസീ ബുക്‌സ് അദ്ദേഹം രചിച്ച Cracking English Conversation - A Spoken English Handbook എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതിന്റെ ഒരു സഹവർത്തി - companion - ആയി 2018 - ൽ Charmschool Publications - ന്റെ പേരിൽ Unveiling English Grammer ( ഇംഗ്ലീഷ് ഭാഷ / വ്യാകരണ പഠനസഹായി) എന്ന പുസ്തകം (2018) പുറത്തിറക്കി. ഇവ രണ്ടിന്റെയും പ്രത്യേകത വിശദീകരണങ്ങൾ എല്ലാം മലയാളത്തിലാണെന്നതാണ്.
ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കുള്ള വിവർത്തനത്തിന്റെ പ്രശ്നങ്ങൾ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. സംസ്‌കൃതത്തിലും യോഗാഭ്യാസത്തിലും ഡിപ്ലോമ സമ്പാദിച്ചിട്ടുണ്ട്. ഏതാനും പ്രമുഖ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും ഡോ നായർ വിവർത്തനം ചെയ്തു. പരമഹംസ യോഗാനന്ദന്റെ ഒരു യോഗിയുടെ ആത്മകഥ അവയിൽ ഏറ്റവും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് എഡ്യൂക്കേഷൻ പ്രമോഷൻ കൗൺസിൽ ഒഫ് ഇൻഡ്യ (EECI) തിരുവനന്തപുരം പ്രസിദ്ധീകരിച്ച A Basic Course in Spoken English (2000) എന്ന ഒരു പുസ്തകവും അദ്ദേഹം എഡിറ്റു ചെയ്തു. വിവർത്തനപരിശീലനവും വിദേശികൾക്കായുള്ള മലയാളപഠന ക്ലാസും ഉൾപ്പെടെ വിവിധോദ്ദേശ ഇംഗ്ലീഷ് കൻസൾറ്റൻസി സേവനങ്ങൾ അദ്ദേഹം ലഭ്യമാക്കുന്നു.
Check out the authors profile to know more about their books