"Welcome to Prabhath Books, Since 1952"
What are you looking for?

മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള

 മഹാകവി ചങ്ങമ്പുഴ 

    മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1087 കന്നിമാസം 24-ാം തീയതി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ വീട്ടിൽ ശ്രീമതി പാറുക്കുട്ടി അമ്മയുടെ പ്രഥമ  പുത്രനായി ജനിച്ചു. മട്ടാഞ്ചേരിയിൽ തെക്കേടത്തുവീട്ടിൽ ശ്രീ. നാരായ ണമേനോനായിരുന്നു പിതാവ്.

     നിർദ്ധനാവസ്ഥമൂലം ബാല്യകാലവിദ്യാഭ്യാസം പോലും വളരെ ക്ലേശപ്പെട്ടാണ് നിർവഹിച്ചത്. മൂന്നാം ഫാറം വരെ ഇടപ്പള്ളിയിൽത്തന്നെ അദ്ധ്യയനം നടത്തി. ആലുവായിലും എറണാകുളത്തും അദ്ധ്യയനം നടത്തി ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി.

    ഒമ്പതാമത്തെ വയസ്സുമുതൽ പ്രതിഭാശാലിയായ നമ്മുടെ സ്‌മര്യ പുരുഷൻ കവിത എഴുതാൻ തുടങ്ങി. "ബാഷ്പാഞ്ജലി' എന്ന പ്രഥമ കവിതാസമാഹാരത്തിലെ കവിതകളെല്ലാം ഇരുപതും ഇരുപത്തൊന്നും വയസ്സിനിടയിൽ രചിക്കപ്പെട്ടവയാണ്.

    ചങ്ങമ്പുഴ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവസരത്തിലാണ് ശ്രീ. ഇടപ്പള്ളി രാഘവൻപിള്ള നിര്യാതനായത്. ആ ദുരന്ത സംഭവം ചങ്ങമ്പുഴയുടെ ഹൃദയത്തെ അഗാധമായി മുറിവേല്പിച്ചു. അതിൽ നിന്നും വിങ്ങിപ്പൊട്ടിയ ദീനരോദനമാണ് 'രമണൻ' എന്ന ആരണ്യക നാടകീയ വിലാപകാവ്യം. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു. 

    തുടർന്നു നിരവധി കൃതികൾ അനായാസേന ചങ്ങമ്പുഴയിൽ നിന്നും കൈരളിക്കു ലഭിക്കുവാൻ തുടങ്ങി. ഇതിനിടയിൽ അദ്ദേഹം കോളേജ്   വിദ്വാഭ്യാസവും ആരംഭിച്ചിരുന്നു. എറണാകുളത്തെ പഠനത്തിനുശേഷം തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ചേർന്ന് ഓണേഴ്സ് ബിരുദം നേടി. അദ്ധ്യയനകാലത്തു തന്നെ ശ്രീമതി ശ്രീദേവിഅമ്മയെ അദ്ദേഹം വിവാഹം ചെയ്തു.

    പഠനാനന്തരം സാമ്പത്തികപരാധീനതകളിൽ നിന്നും മോചനം നേടാനായി ചങ്ങമ്പുഴ യുദ്ധസേവനം അനുഷ്ഠിച്ചു. രണ്ട് കൊല്ലത്തിനുള്ളിൽ ഉദ്യോഗവും മതിയാക്കി ഉപരിപഠനാർത്ഥം മദിരാശി കോളേജിൽ ചേർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ അതും വേണ്ടെന്നുവച്ചു നാട്ടിലേയ്ക്ക് മടങ്ങി .

     സാഹിത്യപ്രവർത്തനങ്ങൾകൊണ്ടു മാത്രം ധാരാളം ധനം നേടുവാൻ ചങ്ങമ്പുഴയ്ക്ക് സാധിച്ചു. മംഗളോദയം മാസികയുടെ പത്രാധിപ സമിതിയിലും അദ്ദേഹം അംഗമായിരുന്നു. അഖിലകേരള സാഹിത്യസമിതിയുടെ ദ്വിതീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചങ്ങമ്പുഴ ചെയ്ത ഉജ്ജ്വലപ്രഭാഷണം സാഹിത്യമണ്ഡലത്തിൽ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു.

    ബഹുമുഖമായ ജീവിതായോധനങ്ങളിൽപ്പെട്ട് മാനസികവും ശാരീ രികവുമായ യാതനകൾക്കു വിധേയനായി ചങ്ങമ്പുഴ കാവ്യസപര്യ ചെയ്തു. അതിനെത്തുടർന്നു രോഗവും ധനനഷ്ടവും അദ്ദേഹത്തെ ഗ്രസിച്ചു. -

 ചങ്ങമ്പുഴയെ ഹൃദയംഗമായി സ്നേഹിച്ചിരുന്ന കേരളീയർ പണം അയച്ചു കൊടുത്ത് ആ അമൂല്യജീവൻ ഊതിത്തെളിക്കാൻ ശ്രമിച്ചു. എന്നാൽ അതെല്ലാം വിഫലമായിത്തീർന്നു. ആബാലവൃദ്ധം കേരളീയ രെയും അശുധാരയിൽ ആഴ്ത്തിക്കൊണ്ടു 1123 മിഥുനം 4-ാം തീയതി മദ്ധ്യാഹ്നത്തിൽ മഹാകവി തൃശ്ശിവപേരൂർ മംഗളോദയം നഴ്സിംഗ് ഹോമിൽ വച്ച് ദിവംഗതനായി.


Our Authors

Check out the authors profile to know more about their books