സി. ദിവാകരൻ
തിരുവനന്തപുരം നഗരത്തിൽ കമലേശ്വരം വാർഡിൽ തോട്ടം ചെക്കാടശ്ശേരി വീട്ടിൽ ശ്രീ. ശിവരാമപ്പണിക്കരുടെയും ശ്രീമതി അമ്മുക്കുട്ടിഅമ്മയുടെയും മകൻ.
കമലേശ്വരം പ്രൈമറി സ്കൂൾ, തിരുവനന്തപുരം എസ്.എം.വി. സ്കൂൾ, മഹാത്മാഗാന്ധി കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ഗവ: ട്രെയിനിംഗ് കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കി. ബി.എഡ്. പാസ്സായി. അദ്ധ്യാപകനായി. തിരുമല എബ്രഹാം മെമ്മോറിയൽ ഹൈസ്കൂളിൽ കുറച്ചുകാലം അദ്ധ്യാപകനായി സേവനം അനുഷ്‌ഠിച്ചു.
വിദ്യാർത്ഥിയായിരുന്ന കാലം മുതൽ വിദ്യാർത്ഥി ഫെഡറേഷൻ പ്രവർത്തകനായി. എസ്.എം.വി. സ്കൂളിൽ ആരംഭിച്ച സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മത്സരിച്ച് സ്കൂൾ പ്രധാനമന്ത്രിയായി; തുടർന്ന് യുവജനഫെഡറേഷൻ ജില്ലാ സംസ്ഥാന ഭാരവാഹിയായി. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ എ.ഐ.റ്റി.യു.സി. ദേശീയ വൈസ് പ്രസിഡന്റ്, സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം, 2006 മുതൽ 2011 വരെ അഞ്ചു വർഷം സംസ്ഥാനത്തെ ഭക്ഷ്യ സിവിൽ സപ്ലൈസ്-മൃഗസംരക്ഷണ വകുപ്പ് മന്ത്രി, പത്തുവർഷം സി.പി.ഐ. പാർലമെന്ററി പാർട്ടി ലീഡർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
സോവിയറ്റ് റഷ്യ, കിഴക്കൻ ജർമ്മനി, വിയറ്റ്‌നാം, ചൈന, ഫ്രാൻസ്, സിങ്കപ്പൂർ, മലേഷ്യ, സൗദി അറേബ്യ, ദുബായ് തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തി. നിറങ്ങളുടെ ചൈന എന്ന യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് രണ്ടു തവണ തുടർച്ചയായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നെടുമങ്ങാട് മത്സരിച്ച് വീണ്ടും ജയിച്ചു. സി.പി.ഐ. ദേശീയ കൗൺസിൽ അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ രാഷ്ട്രീയ പ്രവർത്തനം തുടരുന്നു. കൂടാതെ പ്രഭാത് ബുക്ക് ഹൗസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നു.
നിരവധി സമരങ്ങളിൽ പങ്കെടുത്ത് പലതവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ : അഡ്വക്കേറ്റ് റ്റി. വി. ഹേമലത.
മക്കൾ : ഡ്യു ദിവാകരൻ, ഡാലിയ ദിവാകരൻ.
മരുമക്കൾ : നിധി, ഡോ: എസ്.ആർ.അരുൺ.
കൊച്ചുമക്കൾ : മീനാക്ഷി, ഇഷിത, ശിവറാം, ശ്രീകാന്ത്.
Check out the authors profile to know more about their books